കക്കലും, മുക്കലും തൊഴിലാക്കിയ നേതാക്കള്‍ക്കിടയില്‍ ഇങ്ങനെയും ഒരു മനുഷ്യന്‍
ഉറുഗ്വേയുടെ 'ദരിദ്രനായ' രാഷ്ട്രപതി ജോസേ മുഹിക്ക വിടവാങ്ങി; ഒരു വിപ്ലവകാരിയുടെ ജീവിതം
ലോകത്തിലെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന, ഉറുഗ്വേയുടെ മുൻ രാഷ്ട്രപതി ജോസേ ആൽബെർട്ടോ മുഹിക്ക കോർഡാനോ അന്തരിച്ചു. മെയ് 14-ന് തന്റെ 89-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ലാറ്റിൻ അമേരിക്കയ്ക്ക് ഒരു മുൻ രാഷ്ട്രത്തലവനെ മാത്രമല്ല, സാമൂഹിക നീതി, പരിസ്ഥിതി സുസ്ഥിരത, പൗരസ്വാതന്ത്ര്യം എന്നിവയിൽ ലോകശ്രദ്ധ നേടിയ ഒരു വിപ്ലവകാരിയെ കൂടിയാണ് മുഹിക്കയുടെ മരണത്തിലൂടെ നഷ്ടമായത്. പ്രതിപക്ഷം പോലും അദ്ദേഹത്തെ സമ്പന്ന രാജ്യത്തെ ദരിദ്രനായ രാഷ്ട്രപതി എന്ന് ആദരവോടെ വിശേഷിപ്പിച്ചു.
വിപ്ലവകാരിയിലേക്ക് ഒരു യാത്ര
1935 മെയ് 20-ന് മൊണ്ടെവീഡിയോയിൽ ജനിച്ച മുഹിക്കയുടെ രാഷ്ട്രീയ രൂപീകരണത്തിൽ മാതൃസഹോദരനായ ഏഞ്ചൽ കോർഡാനോയ്ക്ക് പ്രധാന സ്വാധീനമുണ്ടായിരുന്നു. തുടക്കത്തിൽ നാഷണൽ പാർട്ടിയെ പിന്തുണച്ച അദ്ദേഹം പിന്നീട് സോഷ്യലിസ്റ്റ് പാർട്ടിയുമായി സഹകരിച്ച് യൂണിയൻ പോപ്പുലർ എന്ന ഇടതുപക്ഷ പാർട്ടി രൂപീകരിച്ചു.
1960-കളോടെ, രണ്ടാം ലോക മഹായുദ്ധാനന്തരമുണ്ടായ സാമ്പത്തിക മാന്ദ്യവും രാഷ്ട്രീയ പീഡനങ്ങളും കാരണം ഉറുഗ്വേയിൽ ഗുരുതരമായ പ്രതിസന്ധികളുണ്ടായി. വിലക്കയറ്റം, തൊഴിലില്ലായ്മ, സമരങ്ങൾ എന്നിവ വ്യാപകമായി. ഈ സാഹചര്യത്തിൽ, ക്യൂബൻ വിപ്ലവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊളോണിയലിസത്തിനും, അസമത്വത്തിനും, സ്വേച്ഛാധിപത്യത്തിനും എതിരായി രൂപീകരിച്ച മൊവിമിയന്റോ ഡി ലിബെറാസിയോൺ നാഷണൽ-ടുപാമാരോസ് പ്രസ്ഥാനത്തിൽ മുഹിക്ക ചേർന്നു. ഉറുഗ്വേയിൽ ഒരു വിപ്ലവ സാമൂഹ്യവാദ ഭരണം സ്ഥാപിക്കുക എന്നതായിരുന്നു ടുപാമാരോസുകളുടെ ലക്ഷ്യം.
പ്രസിഡന്റ് ജോർജ് പാച്ചെകോ ആരീക്കോയുടെ ഭരണകൂടം പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചതോടെ ടുപാമാരോസുകൾ ശക്തിപ്പെട്ടു. 1969-ൽ പാൻഡോ പട്ടണം പിടിച്ചെടുക്കുന്ന ടുപാമാരോസ് പ്രതിഷേധത്തിൽ മുഹിക്ക പങ്കെടുത്തു. നഗരത്തിലെ ടെലിഫോൺ എക്‌സ്‌ചേഞ്ച് പിടിച്ചെടുക്കുന്ന സംഘത്തെ നയിച്ച് അദ്ദേഹം ഗ്രൂപ്പിനുള്ളിൽ അംഗീകാരം നേടി.
വെടിയേറ്റും ജയിലിലും
1970-ൽ മൊണ്ടെവിഡിയോയിലുണ്ടായ ഒരു വെടിവെയ്പ്പിൽ മുഹിക്കയ്ക്ക് ആറ് തവണ വെടിയേറ്റു. ചോരയിൽ കുളിച്ചുകിടന്ന അദ്ദേഹത്തെ പോലീസ് വലിച്ചിഴച്ച് ജയിലിലടച്ചു. മരണത്തെ മുഖാമുഖം കണ്ട ദിവസങ്ങളായിരുന്നു അത്.
- 1971 സെപ്റ്റംബറിൽ അദ്ദേഹം ഒരു തുരങ്കം വഴി ജയിലിൽ നിന്ന് രക്ഷപ്പെട്ടു.
- രക്ഷപ്പെട്ട് ഒരു മാസത്തിനകം വീണ്ടും പിടിക്കപ്പെട്ടെങ്കിലും 1972 ഏപ്രിലിൽ കരേറ്റാസ് ജയിലിൽ നിന്ന് അദ്ദേഹം രണ്ടാമതും രക്ഷപ്പെട്ടു.
- എന്നാൽ 1972-ൽ സൈന്യം അദ്ദേഹത്തെ അവസാനമായി പിടികൂടി.
തുടർന്ന് 13 വർഷത്തോളം മുഹിക്ക ജയിലിൽ കഴിഞ്ഞു. ഈ കാലയളവിൽ ക്രൂരമായ സൈനിക ആക്രമങ്ങൾക്കും നിരവധി തവണ ഏകാന്ത തടവിനും അദ്ദേഹം വിധേയനായി. ജയിലിന്റെ ഇരുണ്ട ഇടനാഴികളിൽ ഏകാന്തതയുടെ വേദന അനുഭവിച്ച അദ്ദേഹം മറ്റ് തടവുകാരുമായി ചുമരുകളിൽ രഹസ്യ സന്ദേശങ്ങൾ കുറിച്ചു. 'നമ്മുടെ സ്വപ്നങ്ങൾ മരിക്കില്ല. ഈ ഇരുട്ടിന് ഒരു അന്ത്യമുണ്ടാകും' എന്ന പ്രതീക്ഷയുടെ വാക്കുകൾ അവയിലുണ്ടായിരുന്നു.
രാഷ്ട്രീയത്തിലേക്കുള്ള മടക്കം
1985-ൽ ഉറുഗ്വേയിൽ ജനാധിപത്യം പുനസ്ഥാപിച്ചപ്പോൾ, രാഷ്ട്രീയ കുറ്റകൃത്യങ്ങൾക്ക് ജയിലിൽ കഴിയുന്നവർക്ക് പൊതുമാപ്പ് നൽകി. അങ്ങനെ നീണ്ട പതിമൂന്ന് വർഷത്തെ ജയിൽവാസത്തിന് ശേഷം മുഹിക്ക മോചിതനായി. ജനാധിപത്യം തിരിച്ചെത്തിയ ശേഷം, മുഹിക്കയും മറ്റ് ടുപാമാരോസ് അംഗങ്ങളും ചേർന്ന് മൂവ്‌മെന്റ് ഓഫ് പോപ്പുലർ പാർട്ടിസിപ്പേഷൻ സ്ഥാപിച്ചു.
- 1994-ൽ അദ്ദേഹം ഡെപ്യൂട്ടി ആയി തിരഞ്ഞെടുക്കപ്പെട്ടു.
- 1999-ലും 2004-ലും സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടു.
- മുഹിക്കയുടെ വ്യക്തിപ്രഭാവം കാരണം എം.പി.പിക്ക് ജനപ്രീതി വർധിച്ചു.
2005 മുതൽ 2008 വരെ അദ്ദേഹം കന്നുകാലി, കൃഷി, മത്സ്യബന്ധന മന്ത്രിയായും സേവനമനുഷ്ഠിച്ചു. ഈ സ്ഥാനത്തിനായി തന്റെ സെനറ്റർ സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു.
'ലോകത്തിലെ ഏറ്റവും ദരിദ്രനായ' രാഷ്ട്രപതി
2010-ൽ, 74-ാം വയസ്സിൽ, 52 ശതമാനം വോട്ടോടെ ഉറുഗ്വേയുടെ 40-ാമത് പ്രസിഡന്റായി മുഹിക്ക ചുമതലയേറ്റു.
അത്യാധുനിക സൗകര്യങ്ങളുള്ള പ്രസിഡൻഷ്യൽ വസതി കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു: "എന്തിനാണ് ഇത്? ഇത്രയധികം ആഡംബരം ആർക്കുവേണ്ടിയാണ്? ഇതൊരു ഹൈസ്കൂൾ ആക്കി മാറ്റണം". തനിക്കും ഭാര്യക്കും ജീവിക്കാൻ തന്റെ സ്റ്റുഡിയോ അപ്പാർട്ട്മെന്റ് മതിയെന്ന് പറഞ്ഞ് അദ്ദേഹം മൊണ്ടെവീഡിയോയ്ക്ക് പുറത്തുള്ള ഫാമിൽ താമസിച്ചു. അവിടെ ഭാര്യ ലൂസിയ ടോപോളാൻസ്കിയോടൊപ്പം (ഇവരും രാഷ്ട്രീയ പങ്കാളിയായിരുന്നു) പച്ചക്കറികളും പൂക്കളും വളർത്തുന്നത് തുടർന്നു.
13,300 ഡോളർ എന്ന രാഷ്ട്രപതിയുടെ ശമ്പളം കേട്ട് ഞെട്ടിയ അദ്ദേഹം, തനിക്ക് ജീവിക്കാൻ ഇത്രയും തുക ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചു.
- അതിൽ 12,000 ഡോളർ അദ്ദേഹം നിർധനർക്ക് നേരിട്ട് വിതരണം ചെയ്തു.
- ബാക്കി 1,300 ഡോളറിൽ 775 ഡോളർ തന്റെ മേൽനോട്ടത്തിലുള്ള അനാഥാലയത്തിന് നൽകി.
- ശേഷിച്ച തുക കൊണ്ടാണ് അദ്ദേഹം ജീവിച്ചത്.
പ്രസിഡന്റായിരിക്കെ മുഹിക്ക തന്റെ പഴയ ഫോക്സ് വാഗൺ ബീട്ടിൽ കാർ സ്വയം ഡ്രൈവ് ചെയ്താണ് ഓഫീസിൽ പോയിരുന്നത്.
പുരോഗമനപരമായ ഭരണകാലം
2010 മുതൽ 2015 വരെയുള്ള തന്റെ അഞ്ച് വർഷത്തെ ഭരണത്തിൽ മുഹിക്ക ഉറുഗ്വേയെ ലാറ്റിൻ അമേരിക്കയിലെ ഏറ്റവും പുരോഗമനപരമായ രാജ്യങ്ങളിലൊന്നാക്കി മാറ്റി.
- അദ്ദേഹത്തിന്റെ ഭരണകൂടം സ്വവർഗ വിവാഹം നിയമവിധേയമാക്കി.
- ആദ്യ മൂന്ന് മാസത്തേക്കുള്ള ഗർഭഛിദ്ര അവകാശങ്ങൾ നടപ്പിലാക്കി.
- സംസ്ഥാന നിയന്ത്രണത്തിന് കീഴിൽ മരിജുവാനയുടെ ഉത്പാദനം, വിൽപ്പന, ഉപഭോഗം എന്നിവ പൂർണമായും നിയമവിധേയമാക്കി. ഈ നിയമം നടപ്പിലാക്കിയ ആദ്യ രാജ്യമായി ഉറുഗ്വേ മാറി.
- ഹരിത ഊർജ്ജ പരിവർത്തനത്തിന് നേതൃത്വം നൽകി. അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചപ്പോൾ, ഉറുഗ്വേയുടെ വൈദ്യുതിയുടെ 98 ശതമാനവും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്ന് ഉത്പാദിപ്പിക്കാൻ തുടങ്ങി. ഇത് ഉറുഗ്വേയെ ഏറ്റവും പരിസ്ഥിതി സൗഹൃദപരമായ രാജ്യങ്ങളിൽ ഒന്നാക്കി.
മുഹിക്കയുടെ ഭരണകാലത്ത് ഉറുഗ്വേ സാമ്പത്തികമായും വലിയ മുന്നേറ്റം നടത്തി. തൊഴിലവസരങ്ങളും കൃഷിയും വ്യവസായങ്ങളും വർധിച്ചു. അഭ്യസ്തവിദ്യരുടെ എണ്ണം കൂടുകയും ശാസ്ത്ര-സാങ്കേതിക രംഗത്ത് മുന്നേറ്റമുണ്ടാകുകയും ചെയ്തു. ഈ മാറ്റങ്ങൾ കാരണം ഉറുഗ്വേ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയിലേക്ക് എത്താൻ തുടങ്ങി.
മുഹിക്കയുടെ വിയോഗത്തിൽ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ അദ്ദേഹത്തെ 'മഹാനായ വിപ്ലവകാരി' എന്നും മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം അദ്ദേഹത്തെ ലാറ്റിൻ അമേരിക്കയ്ക്കും ലോകത്തിനും മാതൃക എന്നും വിശേഷിപ്പിച്ചു.
ലളിത ജീവിതത്തിലൂടെയും പുരോഗമനപരമായ നയങ്ങളിലൂടെയും ലോകമെമ്പാടും ആദരിക്കപ്പെട്ട ജോസേ മുഹിക്ക, ഉറുഗ്വേയെ സമ്പന്നമാക്കിയ 'ദരിദ്രനായ' രാഷ്ട്രപതിയായി ഓർമ്മിക്കപ്പെടും.

Comments
Post a Comment